Friday, 28 February 2020


കെ.എസ്.ഇ.ബോർഡ് പെൻഷൻകാർക്ക് വേണ്ടി ഒരു സ്വയം സഹായ ക്ഷേമനിധി രൂപീകരിക്കുക എന്നത് പെൻഷനേഴ്‌സ് അസോസിയേഷന്റെ ചിരകാലാഭിലാഷമായിരുന്നു. അതു സാധിതപ്രായമാക്കാൻ വർഷങ്ങളോളം പ്രവർത്തിക്കേണ്ടി വന്നു. അസോസിയേഷന്റെ രൂപീകരണത്തിന് ശേഷം പത്തു വർഷങ്ങൾ കഴിഞ്ഞാണ് അതു പ്രവർത്തി പഥത്തിൽ കൊണ്ടുവരുവാൻ കഴിഞ്ഞത്.

28.02.1992 ൽ തിരുവനന്തപുരത്ത് ഹിന്ദുമത ഗ്രന്ഥശാലാ ഹാളിൽ ചേർന്ന അസോസിയേഷന്റെ എട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത അന്നത്തെ ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.സി.വി.പത്മരാജൻ, വെൽഫെയർ ഫണ്ട് രൂപീകരിക്കുന്നതിന് വൈദ്യുതി ബോർഡിന് നിർദ്ദേശങ്ങൾ നൽകി. അതിന്റെ അടിസ്ഥാനത്തിൽ 26.03.1992 ൽ ബോർഡിന്റെ ചീഫ് പേഴ്‌സണൽ ഓഫീസറുമായും, 28.09.1992 ൽ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഫണ്ട് രൂപീകരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. നിയമാവലി തയ്യാറാക്കുന്നതിന് ശ്രീ.മൈലോട് എൻ ശ്രീധരനേയും ശ്രീ.എം.പി.കൃഷ്ണപിള്ളയേയും ചുമതലപ്പെടുത്തുകയും ചെയ്തു. 1992 ഒക്‌ടോബർ മാസം 10-ാം തീയതി മൂവാറ്റുപുഴ ജനതാ ടൂറിസ്റ്റ് ഹോമിൽ വെച്ച് കൂടിയ അസോസിയേഷന്റെ കേന്ദ്ര പ്രവർത്തകസമിതിയോഗം കരട് നിയമാവലി ചർച്ച ചെയ്യുകയും, ആവശ്യമായ ഭേദഗതികൾ വരുത്തി അംഗീകരിക്കുകയും ചെയ്തു. അങ്ങിനെ തയ്യാറാക്കിയ കരട് നിയമാവലി ബോർഡ് ചെയർമാനും, ചീഫ് പേഴ്‌സണൽ ഓഫീസർക്കും നൽകി.
ഫണ്ടിന് പെൻഷൻകാരിൽ നിന്നും മാസവരി പിരിച്ചെടുക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ബോർഡും ഫണ്ടിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സേവനം ലഭ്യമാക്കാമെന്ന് പെൻഷനേഴ്‌സ് അസോസിയേഷനും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമാവലി തയ്യാറാക്കുകയും, പ്രവർത്തനങ്ങൾ ആരംഭിച്ചതും. ഫണ്ടിന്റെ ഭദ്രതയിൽ അംഗങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിക്കുന്നതിനും, ഫണ്ടിന്റെ സുഗമമായ നടത്തിപ്പിനും വൈദ്യുതിബോർഡിന്റെ പങ്കാളിത്തം അനിവാര്യമാണെന്നുള്ള അസോസിയേഷന്റെ ഉറച്ച നിലപാട് മൂലം, ആരംഭത്തിൽ തന്നെ എഫ്.എ.&സി.എ.ഒ.യെ പ്രതിനിധീകരിച്ച് സീനിയർ അക്കൗണ്ട്‌സ് ഓഫീസറെയും, ചീഫ് പെഴ്‌സണൽ ഓഫീസ്സറെ പ്രതിനിധീകരിച്ച് ഒരു പേഴ്‌സണൽ ഓഫീസറെയും സൊസൈറ്റിയുടെ ഭരണസമിതിയിൽ നാമനിർദ്ദേശം ചെയ്യുന്നതിനും അന്നത്തെ ബോർഡ് ചെയർമാൻ സമ്മതിച്ചു. ഫണ്ടിന്റെ ഗവേണിങ്ങ് ബോഡിയിൽ ബോർഡിന്റെ രണ്ട് പ്രതിനിധികളെ കോ-ഓപ്റ്റ് ചെയ്തു കൊണ്ട് 19.4.1993 ൽ ബോർഡ് ഉത്തരവ് ഇറക്കി.

വെൽഫെയർ ഫണ്ട് രൂപീകരിക്കുമ്പോൾ രണ്ട് ഉദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഒരു പെൻഷണർ മരിക്കുമ്പോൾ അയാളുടെ അനാഥമായ കുടുംബത്തിന് മരണാനന്തര സഹായമായി 10000 രൂപവരെയുള്ള സാമ്പത്തിക സഹായം നൽകുക എന്നതായിരുന്നു ഒന്നാമത്തെ ഉദ്ദേശം. ഇത് നടപ്പിൽ വരുത്തുവാൻ സാധിച്ചു. എന്നാൽ പ്രകൃതിക്ഷോഭം, അപകടം, നീണ്ടു നിൽക്കുന്നതും ചെലവേറിയതുമായ ചികിത്സ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ പെൻഷൻകാരന് സാമ്പത്തിക സഹായം നൽകുക എന്ന രണ്ടാമത്തെ ഉദ്ദേശം തുടക്കത്തിൽ നടപ്പിൽ വരുത്തുവാൻ സാധിച്ചില്ല.

24.06.1993 ലാണ് വെൽഫെയർ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടത്. സർവ്വശ്രീ. വി.ഗണപതി, (തിരു.) (ചെയർമാൻ) പി.സുകുമാരപിള്ള, (തിരു.) (സെക്രട്ടറി), പി.കേശവൻ നായർ, (തിരു.) (ട്രഷറർ), എം.പി.കൃഷ്ണപിള്ള (തിരു.), ആർ.രഘുവരൻ (തിരു.), എൻ.ശ്രീധരൻ (കൊല്ലം), പി.കെ.ഗംഗാധരൻ നായർ കൊല്ലം എന്നിവർ ഡയറക്ടർമാരായും ശ്രീ.ജി.ശശിധരൻ (പേഴ്‌സണൽ ഓഫീസർ), ശ്രീമതി.ബി.ചെല്ലമ്മാൾ (അക്കൗണ്ട്‌സ് ഓഫീസർ, പെൻഷൻ ആഡിറ്റ്) എന്നിവർ എക്‌സ് ഒഫീഷ്യോ ഡയറക്ടർമാരായും ആദ്യ ഡയറക്ടർ ബോർഡ് രൂപീകരിക്കുകയും, ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം 363/93-ാം നമ്പരായി 24.06.1993 ൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.സൊസൈറ്റിയെ ആദായനികുതിയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് 15.07.1993 ൽ രജിസ്‌ട്രേഷനും ലഭിച്ചു.1993 നവംബർ മുതലാണ് സൊസൈറ്റിയുടെ പ്രവർത്തനത്തിന് ഔപചാരിക തുടക്കമിട്ടത്. പ്രവേശനഫീസ് 100 രൂപയും മാസവരി 15 രൂപയും എന്ന ക്രമത്തിൽ പിരിച്ചെടുത്ത തുകയായിരുന്നു അന്ന് സൊസൈറ്റിയുടെ മൂലധനം. പരമാവധി മരണാനന്തരസഹായം 10000 രൂപയായിരുന്നു. 06/1994 ൽ സൊസൈറ്റിയുടെ ബാലാരിഷ്ടതകൾ തരണം ചെയ്യുന്നതിനായി ജീവനക്കാരുടെ സഹായസഹകരണങ്ങളോടെ10 ലക്ഷം രൂപയുടെ ഒരു സ്‌പെഷ്യൽ ഫണ്ട് പിരിക്കുന്നതിന് ബോർഡിലെ വിവിധ സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. ഈ ഇനത്തിൽ ചെലവ് കഴിഞ്ഞ് 509618 രൂപയാണ് സമാഹരിക്കുന്നതിന് സാധിച്ചത്. കൂടാതെ 7/93 മുതൽ നടപ്പിലാക്കിയ പെൻഷൻ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശികയുടെ 5 ശതമാനം (കുറഞ്ഞത് 100 രൂപ) പെൻഷൻകാരിൽ നിന്നും പിരിക്കുകയും അതിന്റെ 60 ശതമാനം തുക (6,56,848 രൂപ) സൊസൈറ്റിയിലേക്ക് മുതൽ കൂട്ടുകയും ചെയ്തു. 1998 ൽ നിലവിൽ വന്ന പെൻഷൻ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശികയിൽ നിന്നും ഒരു മാസത്തെ കുടിശ്ശിക, സ്‌പെഷ്യൽ ഫണ്ടായി പിരിക്കുകയും അതിന്റെ 80 ശതമാനം തുക സൊസൈറ്റിയിലേക്ക് മാറ്റുകയും ചെയ്തു.  11/93 ൽ 15 രൂപ മാസവരി ആയിരുന്നത് പിന്നീട് 30 രൂപയും, തുടർന്ന് 50 രൂപയായും ഇപ്പോൾ 100 രൂപയായും വർദ്ധിപ്പിക്കുകയും മരണാനന്തരസഹായത്തിന്റെ പരമാവധി തുക 10000 രൂപയിൽ നിന്ന് 20000 രൂപയായും, പിന്നീട് 30000 രൂപയായും ഇപ്പോൾ 50000 രൂപയായും വർദ്ധിപ്പിക്കുകയും ചെയ്തു.

സൊസൈറ്റിയുടെ പ്രാരംഭ പ്രവർത്തനകാലത്ത് നടപ്പിൽ വരുത്തുവാൻ സാധിക്കാതിരുന്ന ചികിത്സാസഹായ പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നതിന് സാധിച്ചിട്ടുണ്ട്. കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ, ബ്രെയിൻ ട്യൂമർ, ക്യാൻസർ, ഹൃദയശസ്ത്രക്രിയകൾ, അവയവമാറ്റ ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സകൾക്ക് അംഗങ്ങൾക്ക് ഫണ്ടിൽ നിന്നും സഹായം നൽകുന്നുണ്ട്. പൂർണ്ണമായി ശയ്യാവലംബികളായി മാറുന്നവർക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇവർക്കെല്ലാം അർഹതപ്പെട്ട മരണാനന്തരസഹായ തുകയുടെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ഫണ്ടിൽ നിന്നും അഡ്വാൻസായി ചികിത്സാസഹായം നൽകുന്നത്. ഇങ്ങനെ നൽകുന്ന ചികിത്സാസഹായം മരണാനന്തരസഹായത്തിൽ നിന്നും കുറവ് ചെയ്യുന്നതാണ്.

വളരെ ചെറിയ മൂലധനവുമായി പ്രവർത്തനം ആരംഭിച്ച വെൽഫെയർ സൊസൈറ്റി ഇന്ന് അംഗങ്ങളായ പെൻഷൻകാർക്ക് അത്താണിയായി മാറിയിരിക്കുന്നു. 11/1993 ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി കഴിഞ്ഞ 20 വർഷങ്ങൾകൊണ്ട് അംഗങ്ങൾക്ക് / അംഗങ്ങളുടെ കുടുംബങ്ങൾക്ക് രൂപ സഹായധനമായി നൽകിയിട്ടുണ്ട്. 31.03.2014 കണക്കു പ്രകാരം രൂപ സ്ഥിരനിക്ഷേപം ഉണ്ട്. മറ്റ് പെൻഷനേഴ്‌സ് വെൽഫെയർ സൊസൈറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ അസൂയാവഹമായ വളർച്ചയാണ് കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്‌സ് വെൽഫെയർ സൊസൈറ്റി കൈവരിച്ചിട്ടുള്ളതെന്ന് മേൽവിവരിച്ച സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.

12 അംഗ ഡയറക്ടർ ബോർഡാണ് സൊസൈറ്റിയുടെ ഭരണം നിയന്ത്രിക്കുന്നത്. അതിൽ 2 പേർ വൈദ്യുതിബോർഡിന്റെ സ്ഥിരം നോമിനികളും, 7 പേർ കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷന്റെ കേന്ദ്ര ഭാരവാഹികളും, 3 പേർ സൊസൈറ്റിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്നവരുമാണ്. പെൻഷൻ തീയതി മുതൽ 2 വർഷത്തിനകം അപേക്ഷിക്കുന്നവർക്കു മാത്രമാണ് സൊസൈറ്റി അംഗത്വം അനുവദിക്കുന്നത്.